Friday, 29 November 2013

എന്നെങ്കിലുമൊരിക്കൽ ....



എന്തിനാണ് ഞാൻ രാവിലെ തന്നെ ഇങ്ങനെ കരയുന്നത് ?
എന്റെ സ്നേഹത്തിനു അർഹാതയില്ലാത്തവർക്ക് വേണ്ടി,അല്ലെങ്കിൽ
എന്റെ സ്നേഹം ആവശ്യമില്ലാത്തവർക്ക് വേണ്ടി ഞാൻ എന്തിനു ഇനിയും കരയുന്നു ..
ലോകം ഇങ്ങനെയെല്ലാമാണ് ..
കടന്നു പോന്ന വഴികളെ ,തളര്ന്നു നിന്ന വഴികളിലെ വഴികാട്ടികളെ
പിന്നീട് ഓർക്കുന്നതേ വെറുപ്പായി തീരുന്ന കാലം ..
എന്തിനു ഇനിയും മനസേ അങ്ങനെയുള്ളവർക്ക് വേണ്ടി നീ വേദനിക്കുന്നു ..
നിനക്ക് നീ തന്നെയുള്ളൂ ..
ആരെങ്കിലുമൊക്കെ വേണമെന്ന് ആഗ്രഹിക്കാമെങ്കിലും ..
ഒരുവിധത്തിൽ നിനക്ക് നിന്റെ ഏകാന്തത മാത്രമേ കൂട്ടായുണ്ടാകു ..
നീ പറയുന്നത് ചെവിയോർക്കാൻ ,അതിന്റെ നല്ല വശവും ചീത്ത വശവും പറഞ്ഞു തരാൻ ,ഒരിക്കലും നിന്നെ പിരിയാത്ത കൂട്ടുകാരിയായി കൂടെയുണ്ടാകും അവൾ ..
ചതിയുടെയും വഞ്ചനയുടെയും,അവഗണനയുടെയും ലോകത്ത് നിനക്ക്
വിശ്വസിക്കാവുന്ന ഒരേയൊരു കൂട്ട് .
നിശബ്ദതയിലാണ് ശരിയും തെറ്റും നാം തിരിച്ചറിയുന്നത്‌ ..


വേദനിപ്പിക്കുമ്പോഴും പിന്നേം പുറകെ നടക്കുമ്പോൾ അഹങ്കാരം കൂടും ..
നാം തന്നെ അവരെ അഹങ്കാരികളാക്കുകയാണ് ..
വേദനയോടെയാണെങ്കിലും വേണ്ടെന്നു വെക്കാൻ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു ...
അവരുടെ സ്വാതന്ത്ര്യത്തിലേക്ക് അവരെ സ്വാതന്ത്രരാക്കുക ..
എത്ര ഉയരെ പറന്നാലും,എത്ര അകലേക്ക്‌ പറന്നാലും
ചിറകു തളരാതിരിക്കില്ല ..
താഴേക്കു വരാതിരിക്കില്ല ,എവിടേലും ഇത്തിരി നേരം ഇരിക്കാതെ
പറ്റില്ല ..
അങ്ങനെ ഒരുനാൾ അഹങ്കാരത്തിന്റെ കൊടുമുടിയിൽ നിന്ന് തളര്ച്ചയുടെ താഴ്വാരത്തിലേക്ക് നീ താഴ്ന്നു പറക്കും ..
എവിടേലും ആരുടേയും കണ്ണില്പ്പെടാതെ തളർന്നിരിക്കും ..
അന്നും നിനക്ക് കുടിക്കാൻ വെള്ളവും ,വിശപ്പകറ്റാൻ ആഹാരവുമായി
നിന്നരികിലേക്ക് ഒരാള് കടന്നു വരും ..
തലയുയർത്തി നോക്കണം ആ മുഖം പരിചയമുണ്ടോന്നു ..
അപ്പോൾ കുറ്റബോധത്തിന്റെ ആവശ്യമില്ല കാരണം ഒരു യഥാർത്ത സുഹൃത്ത് എന്നും അങ്ങനെയായിരിക്കും ..
ഏതു സാഹചര്യത്തിലും കൈവിടാതെ ,അകന്നു പോകുമ്പോൾ നിന്റെ മടങ്ങി വരവും കാത്തു ..


ജീവിതത്തിൽ തനിച്ചായി പോകുന്നവര്ക്ക് ദൈവം കാണിച്ചു തരുന്ന ചില സൗഹ്രുദങ്ങളുണ്ട് ..
എന്നും കൂടെ കാണുമെന്നു പ്രതീക്ഷിച്ചു സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങുന്ന കാലം ..
ആ കാലങ്ങളിലെപ്പോഴോ ഓർക്കാപ്പുറത്താകും ദൈവം ആ സ്നേഹത്തെ അകറ്റി കളയുന്നത് ..
മതിമറന്നു ജീവിക്കാതിരിക്കാനാവും ..
അല്ലെങ്കിൽ ജീവിതം ഇങ്ങനെയെല്ലാമാണെന്ന് കാട്ടിത്തരാനാവും ..
കുറെ കാര്യങ്ങൾ ആരും പഠിപ്പിക്കാതെ നമ്മൾ തനിച്ചു പഠിക്കാൻ വേണ്ടിയാവും ..
അപ്പോഴും നമ്മൾ ദൈവത്തെ കുറ്റം പറയും ..


Monday, 12 August 2013

അഭയം

അവസാനത്തെ അഭയമാണ് ഈശ്വരൻ .ഏതൊരാളാണോ അഭയമാകുന്നത് ,ആശ്രയമാകുന്നത്
അയാളാണ് ഈശ്വരൻ .
മലയിറങ്ങുമ്പോൾ ചവിട്ടു പടിയാകുന്ന കല്ലാണ് ഒരുവന് ഈശ്വരൻ .
ആ കല്ല്‌ ഇളകിപ്പോയാൽ അയാളുടെ ജീവിതം തന്നെ അവസാനിച്ചു .
മുങ്ങി താഴാൻ പോകുന്നവന് ഒരു കച്ചിത്തുരുംബാണ് ഈശ്വരൻ .
ജനിക്കുമ്പോഴും മരിക്കുമ്പോഴും മാത്രമേ മനുഷ്യൻ മനുഷ്യനാകുന്നുള്ളൂ .
അതിനിടയിലുള്ളത് മറ്റെന്തൊക്കെയോ ആണ് ..
നന്ദു ,നീയായിരുന്നു എനിക്ക് ഈശ്വരൻ .
നീയതു അറിഞ്ഞിട്ടും അറിയാതെ വഴി മാറി .
എങ്കിലും നന്ദു നിനക്ക് നല്ലത് വരട്ടെ. ശുഭം  ഭവിക്കട്ടെ .

Tuesday, 6 August 2013

നന്ദൂന്

എന്തേ  നന്ദു നിനക്ക് സംഭവിച്ചത് ????

Saturday, 27 July 2013

നിർത്തുന്നു ,എന്ന് സ്വന്തം

ഒരു ബ്ലോഗ്‌ തുടങ്ങി കഴിഞ്ഞപ്പോൾ എന്തോ ഒരു സന്തോഷം.
എഴുതാൻ അറിഞ്ഞട്ടല്ല പക്ഷെ എന്തോ പറഞ്ഞറിയിക്കാൻ ആവാത്ത ഒരു സന്തോഷം തോന്നുന്നു.
അതിൽ എന്തെങ്കിലുമൊക്കെ എനിക്ക്  എഴുതി നിറക്കാലോ .
ആരോ എന്നെ കേൾക്കാൻ കൂടെയുള്ളത് പോലെ .
അവരോടു ഞാൻ  സംസാരിക്കുന്നത്  പോലെ .
ഒറ്റപ്പെടലിൽ നിന്നും അടുത്ത ഒരു സുഹൃത്തിന്റെ സാമീപ്യം പോലെയാണ് എനിക്കിപ്പോൾ ബ്ലോഗ്‌.
തുടക്കത്തിന്റെ ത്രിൽ  കുറച്ചു കഴിയുമ്പോൾ  ബോർ ആയേക്കാം . 
എങ്കിലും അതുവരെ ഞാൻ ഇത് ആസ്വതിക്കാൻ തീരുമാനിച്ചു .

ആരെങ്കിലും  എന്റെ പൊട്ടത്തരം വായിച്ചിട്ട് കമന്റ്‌ ഇടാൻ തോന്നുന്നുണ്ടോന്നു അറിയാൻ ഇടയ്ക്കിടെ വന്നു നോക്കുന്നത്  തന്നെ ഒരു സുഖമാണ് .
ആരും ഇടാൻ സാധ്യത ഇല്ലെന്നു അറിയാമെങ്കിലും ..
ആരും ഒന്നും ഇട്ടു കാണാത്തപ്പോൾ ഒരു കുഞ്ഞു നിരാശ തോന്നാതെയും ഇല്ല..
 ഓര്ക്കും അതിനു വായിച്ചിട്ട് എന്തെങ്കിലും കമന്റ്‌ ഇടാനായിട്ടു ഇതിൽ എന്ത് തേങ്ങ ഉണ്ടായിട്ടാ ..
അതോർക്കുമ്പോൾ  വല്ലാതെ ചിരി വരും .
എങ്കിലും ആദ്യ കമന്റ് ഇട്ട ആർഷയും  പിന്നെ സുധീഷും എനിക്ക് തന്ന സന്തോഷം 
തീരെ ചെറുതല്ല .
ഒന്നും ആശിക്കാൻ ഇല്ലാത്തവർക്ക് ഈ കുഞ്ഞു കുഞ്ഞു കാര്യങ്ങൾ തന്നെ ധാരാളം .
എഴുതാൻ അറിയാവുന്നവരൊക്കെ എത്ര ഭാഗ്യമുള്ളവർ .
മനസിലുള്ളതും ഭാവനയിൽ വിരിയുന്നതും പകര്ത്തി വെക്കുമ്പോൾ കിട്ടുന്ന സംതൃപ്തി .
ആഗ്രഹമുണ്ടായിട്ടും അതിനു കഴിയാത്തവരുടെ നിരാശ .അത് ഞാൻ അറിയുന്നു .

പറയാൻ മറന്നു ,നന്ദു, നീ കാരണം ഞാനിപ്പോൾ മഴതണുപ്പുള്ള 
പ്രഭാതങ്ങൾ കാണാൻ തുടങ്ങീരിക്കുന്നു .
പക്ഷെ സൂര്യ വെളിച്ചമില്ലാത്ത പ്രഭാതങ്ങൾ ആണെന്ന് മാത്രം .
പണ്ട് നീ എപ്പോഴും പറയുമായിരുന്നില്ലേ 'പെണ്‍കുട്ടികൾ അതിരാവിലെ 
ഉണരണം ,തണുത്ത വെള്ളത്തിൽ കുളിക്കണം .
കുളികഴിഞ്ഞു വരുമ്പോൾ ആ ഫ്രെഷ്നെസ് കാണാൻ തന്നെ ഒരു ഐശ്വര്യമാണെന്ന് '' .
പള്ളീൽ പോയി പറഞ്ഞാൽ മതീന്നു അപ്പോഴെല്ലാം ഞാൻ പറഞ്ഞിരുന്നു ..
'നീ ഒരിക്കലും ശരിയാവില്ലാന്ന്' പറഞ്ഞു ഫോണ്‍  കട്ട്‌ ചെയ്യില്ലേ അപ്പോഴെല്ലാം .
ഇന്നിപ്പോൾ  നീയില്ലാതെ ആയപ്പോൾ ഉറക്കം വരാതെ കിടക്കുമ്പോൾ 
നീ ആഗ്രഹിച്ച പോലെ പ്രഭാതങ്ങൾ കാണാൻ തുടങ്ങീരിക്കുന്നു .
അടുത്ത  വഴിയിലെ അമ്പലത്തിൽ നിന്നും രാമായണ ശീലുകൾ മഴയുടെ രാഗത്തിനൊപ്പം ഒഴുകി വരുന്നത് കേൾക്കാൻ എന്ത് സുഖാണെന്നോ .
വെളുപ്പിനെ 5 മണിക്ക് തുടങ്ങുന്ന രാമായണ പാരായണം 
ഒന്നും മനസിലാക്കാൻ പറ്റണില്ല എങ്കിലും അറിയാതൊരു ഭക്തി എന്നിലും നിറയുന്നുണ്ട് .
നിനക്ക് സുഖമാണോ? 
എവിടെയാണ് നീയിപ്പോൾ ?
നിന്റെ പുതിയ സൌഹൃടങ്ങല്ക്കും സുഖമെന്ന് കരുതുന്നു ..
നീ എന്നും സന്തൊഷമോടെയിരിക്കണം .
അതാണ്‌ എന്റെയും ആഗ്രഹം.
പക്ഷെ സങ്കടമുണ്ട് മനസ്സിൽ..
അള്ളിപ്പിടിക്കുന്ന സങ്കടം .
നീ   വേറെ ആരുടെയോ ആയി തീരുന്നത് ചിന്തിക്കാൻ കൂടി ആവില്ലായിരുന്നു .
പക്ഷെ സത്യം അതായപ്പോൾ അതുമായി പൊരുത്തപ്പെടാൻ 
ഞാൻ പെടാപ്പാട് പെടുകയാണ് .
ഒരിക്കലും നീ എന്നെക്കുറിച്ച് ഒരു  ദിവസത്തിൽ ഓര്ക്കാറുണ്ടോ ?
ഉണ്ടെങ്കിൽ അതുമതി ..
നിന്റെ ഉള്ളിൽ ഒരു നിമിഷമെകിലും ഞാൻ ജീവിക്കുന്നുണ്ടെന്നുള്ള ചിന്ത .
അതെന്നെ ജീവിപ്പിക്കും .
നിർത്തുന്നു ,എന്ന് സ്വന്തം  

Thursday, 25 July 2013

എനിക്കിഷ്ടമായിരുന്നു നിന്നെ

ജീവിതം ഒരു യാത്രയാണെന്നറിയാം .
ഇടയ്ക്കു ചില ഇടത്താവളങ്ങൾ .എങ്കിലും യാത്ര തുടരേണ്ടതുണ്ട് . 
പക്ഷെ ജീവിതത്തിനു  പ്രതീക്ഷയും ലക്ഷ്യവുമില്ലെങ്കിൽ ??
നീയില്ലാതെ എന്റെ ആകാശത്തു കണ്ണു ചിമ്മുന്ന നക്ഷത്രങ്ങില്ല ,
പാറിപ്പറക്കുന്ന പൂമ്പാറ്റകളില്ല ,പാടുന്ന കിളികളില്ല ,മിന്നിമിന്നി കത്തുന്ന മിന്നാമിന്നികളില്ല . എന്തിനു നീയെന്നെ തനിച്ചാക്കി ? ഒരിക്കലെങ്കിലും ഒന്ന് ചിന്തിച്ചു നോക്കീട്ടുണ്ടോ ?
നിന്നോളം വേറെ ആരെയും ഞാൻ ഇഷ്ട്ടപ്പെട്ടിരുന്നില്ലെന്ന്  അറിവുള്ളതല്ലേ ?
എന്റെ വഴികളിൽ  ഞാൻ തനിച്ചാണെന്നും .

കാരണം കൂടാതെ ഉപേക്ഷിക്കപ്പെടുമ്പോൾ പിടയുന്ന ഹൃദയത്തിന്റെ വേദന നിനക്ക് മനസിലാകുമോ ? 

നീ വഴി മാറുന്നതിന്റെ വേദന .
നിനക്ക് അനേകം കൂട്ടുകാരെ  കിട്ടും പക്ഷെ എന്റെ സ്നേഹത്തിനു പകരം വക്കാൻ 
നിനക്ക് ആരുമുണ്ടാകില്ല..കാരണം ഇതിൽക്കൂടുതൽ നിന്നെ സ്നേഹിക്കാൻ എന്നിൽ ഇനിയും  സ്നേഹം ബാക്കിയില്ല .ഇതിൽക്കൂടുതൽ നിന്നെ ആർക്കും സ്നേഹിക്കാനും കഴിയില്ല .
എന്റെ  സ്നേഹം സത്യമാണെങ്കിൽ എന്നെങ്കിലുമൊരിക്കൽ നീ തിരിഞ്ഞു  നിൽക്കും .

ഒരു ആയുസ് മുഴുവൻ കൂടെയുണ്ടാകുമെന്ന് എത്രയോ വട്ടം നീ പറഞ്ഞിരിക്കുന്നു .

എന്റെ കാത്തിരിപ്പുകൾക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു ഇത്രയും കാലം .
നമ്മുക്ക് വേണ്ടിയും എവിടെയോ ആരോ ഒക്കെ കാത്തിരിക്കുന്നുണ്ടെന്നൊരു തോന്നൽ..
അത് നല്കുന്ന ഉൾപ്പുളകം..
ഇന്നെന്റെ കാത്തിരിപ്പുകൾ വിരസമാണ് ..
അറിയില്ല ,വരില്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെ  ഞാൻ കാത്തിരിക്കുന്നു .
നിന്റെ ഓർമ്മകൾ  കൂട്ടുള്ളപ്പോൾ കാത്തിരിപ്പിനും എന്തൊക്കെയോ രസമുണ്ടെന്ന് ഇപ്പോൾ  അറിയുന്നുണ്ട് .. 
എന്റെ കണ്ണീരിനുമപ്പുറം ആരൊക്കെയോ ഇപ്പോൾ ചിരിക്കുന്നുണ്ടാകും .
ഇന്നു  നീയൊരു തിളങ്ങുന്ന നക്ഷത്രം പോലെയാണ് .. 
നിനക്ക് ചുറ്റും മിന്നുന്ന കുറെയധികം നക്ഷത്രങ്ങളും .
നിന്നോടൊപ്പം  തിളങ്ങാനുള്ള കവിവെനിക്കില്ലാതെ പോയി .
നീ എന്നും തിളങ്ങി തന്നെ നില്ക്കട്ടെ .
എന്നെങ്കിലുമൊരിക്കൽ തനിച്ചായി പോയി എന്ന തോന്നലുണ്ടായാൽ 
മടങ്ങി വരാം .
വഴികൾ ഒരുപാടുണ്ടാകും .പക്ഷെ ശരിയായ വഴി അതിൽ ഒന്ന് മാത്രം .
ആ വഴിയിലൂടെ കറങ്ങി ഒരിക്കൽ നീ എന്റെ അടുക്കൽ തന്നെ എത്തിച്ചേരും .
എന്ന് പ്രത്യാശിച്ചു കൊണ്ട് നിന്റെ മാത്രം  സ്വന്തം .






.

Wednesday, 24 July 2013

ഇനി യാത്ര

പ്രീയപ്പെട്ട  കൂട്ടുകാരാ ,
ഇത് നിനക്കുള്ള സമർപ്പണം.
എന്നെ സ്നേഹിച്ചതിന് ,
സ്നേഹിക്കാൻ പഠിപ്പിച്ചതിന്,
സ്വപ്നങ്ങളിൽ നിറങ്ങൾ ചാലിച്ചതിനു ,
നിന്റെ കാലിൽ ചവുട്ടി നിന്ന് നിന്നിലേക്ക്‌ മാത്രമായി നടക്കാൻ പഠിപ്പിച്ചതിനു ,
നിലാവുള്ള രാത്രികളിൽ കഥകൾ  പറഞ്ഞു തന്നു ഉറക്കിയതിന്.
കാതിൽ ചുണ്ട് അമർത്തി എനിക്കായ് മാത്രം നീ പാടി തന്ന  പാട്ടുകൾക്ക്
എല്ലാത്തിനും നന്ദി..

എവിടെ വച്ചാണ്  വഴി പിരിയാൻ ഞാൻ അറിയാതെ നീ തീരുമാനിച്ചത് ?
നിന്നിലേക്ക്‌ മാത്രമായിരുന്നു എന്റെ യാത്രകൾ എല്ലാം . .
ഇനിയും നീയില്ലാതെ നിന്റെ കൈ പിടിക്കാതെ  നടക്കാൻ പഠിച്ചിട്ടില്ല എന്ന തിരിച്ചറിവ്...
അമ്പരപ്പാണ് .
എന്റെ വഴികളിൽ ഒറ്റയാക്കപ്പെട്ട ഒരു പാഴ് ജന്മം അതാണ്‌ ഞാനിന്നു .  .
പിൻവിളിയില്ല .. നിന്റെ യാത്ര തുടരട്ടെ .

നീ എന്നെ ഉപേക്ഷിച്ചു എന്ന കുറ്റബോധം നിനക്കുണ്ടാവാതിരിക്കാൻ
ഞാൻ നിന്നോട് യാത്ര പറയാതെ പോകുന്നു .
ഇനിയും ജന്മങ്ങൾ ഉണ്ടെങ്കിൽ ,അതിൽ ഏതെങ്കിലും ഒന്നിൽ നമ്മുക്ക് ഒരിക്കൽക്കൂടി ഒന്നിക്കണം .
ഒരിക്കലും വഴി പിരിയാൻ  നിനക്ക്  തോന്നാത്ത വണ്ണം നിന്നെ എനിക്ക് സ്നേഹിക്കണം .
ഈ ജന്മത്തിൽ നിന്നോട് ഞാൻ ഇവിടെ വച്ചു വിട പറയുന്നു .
നിനക്ക് തരാനായി കാത്തു വച്ച സ്നേഹമത്രയും ഞാൻ ഇതാ ഇവിടെ നിന്നോടൊപ്പം ഉപേക്ഷിക്കുന്നു. .

എന്നെങ്കിലുമൊരിക്കൽ  നീ ഏകനായാൽ തിരികെ വരണം .
നിനക്കായ്‌ ഞാൻ  കാക്കുന്നുണ്ടാകും .
നിന്നയേ ഞാൻ സ്നേഹിച്ചിട്ടുള്ളൂ.
നിന്നിലെ പ്രണയമേ ഞാൻ അറിഞ്ഞിട്ടുള്ളൂ .
പ്രീയപ്പെട്ട കൂട്ടുകാരാ ,എന്നിൽ അവശേഷിക്കുന്ന മുഴുവൻ സ്നേഹത്തോടെയും
ഒരിക്കൽക്കൂടെ ഞാൻ  ഒന്ന് ചുംബിച്ചോട്ടേ..
എല്ലാ നന്മകളും നേർന്നു കൊണ്ട്
നിന്റെ മാത്രം .